ചെറുപ്പത്തിൽ തന്നെ ജീവിതം ആസ്വദിക്കുന്നതിന് വളരെയധികം പണം ചിലവഴിക്കുന്നത് പ്രായമാകുമ്പോൾ ജീവിതം ആസ്വദിക്കുന്നതിനെ കാര്യമായി ബാധിച്ചേക്കാം. ചെറുപ്പത്തിൽ തന്നെ നിക്ഷേപം നടത്തുന്നത് ഒരു തടസ്സമാണെന്ന് ഒരിക്കലും വിചാരിക്കരുത്. ഇപ്പോൾ നിക്ഷേപിക്കുന്ന ചെറിയ തുക നിങ്ങൾക്ക് ഭാവിയിൽ വലിയ നേട്ടം നേടിത്തരുന്നതാണ്. നിങ്ങൾ നേരത്തേ നിക്ഷേപിക്കുകയും നഷ്ടം വരുത്തുകയും ചെയ്താൽ നിക്ഷേപത്തിലേ നഷ്ടം നികത്തുവാൻ നിങ്ങൾക്ക് വളരെയധികം സമയമുണ്ട്. എന്നാൽ വളരെ താമസിച്ച് നിക്ഷേപം തുടങ്ങുന്ന ആൾക്ക് ആ നഷ്ടം നികത്തുവാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളു. ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നിക്ഷേപം തുടങ്ങുന്നതിലൂടെ സാമ്പത്തിക അച്ചടക്കത്തിന്റ ആദ്യ പാഠം നിങ്ങൾ പഠിക്കുന്നു. ലോക പ്രശസ്ത നിക്ഷേപക വിദഗ്ധൻ വാറൻ ബഫറ്റ് പറയുന്നത് ചിലവഴിച്ചതിന് ശേഷം നിക്ഷേപിക്കുന്നതിന് പകരം, നിക്ഷേപിച്ചതിനു ശേഷം ചിലവഴിക്കുക എന്നുള്ളതാണ്. തുടക്കം തന്നെ പണം ലാഭിക്കുവാനുള്ള അച്ചടക്കം പരിശീലിക്കുകയാണെങ്കിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ചിലവുകൾ വർധിക്കുമ്പോൾ പിന്നീട് നിങ്ങളുടെ ജീവിത്തിൽ നിക്ഷേപം നടത്തുവാനും നിങ്ങൾക്ക് എളുപ്പമായിരിക്കും. കൂടുതൽ റിസ്ക് എടുക്കുവാൻ വളരെ ചെറുപ്പത്തിലേ നിക്ഷേപം തുടങ്ങുന്നത് നമ്മളെ സഹായിക്കുന്നു. എന്നാൽ മുതിർന്ന പൗരന്മാർ കൂടുതൽ റിസ്ക് എടുക്കുവാൻ താല്പര്യപ്പെടുന്നില്ല. അവർ സ്ഥിരതയാണ് ഇഷ്ടപ്പെടുന്നത്. ഒഴിവാക്കാൻ ആവാത്ത ചിലവുകൾ നിറവേറ്റുന്നതിന് അടിയന്തിര പണം ആവശ്യമുള്ള സന്ദർഭങ്ങളിലും ചെറു പ്രായത്തിൽ നടത്തിയ നിക്ഷേപങ്ങൾ ഉപകാരപ്പെടും. ചെറുപ്രായത്തിലേ നിക്ഷേപം തുടങ്ങുന്നത് നിങ്ങളുടെ വരുമാനം വർധിക്കുന്നതിന് ഒരു വലിയ കാരണമാകുന്നു. നിങ്ങൾ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്കു അടുക്കുമ്പോൾ കടം വാങ്ങാതെ അതിലേക്ക് എത്തുവാൻ ചെറു പ്രായത്തിൽ തുടങ്ങുന്ന നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കുന്നു. ചെറു പ്രായത്തിൽ നിക്ഷേപം തുടങ്ങുന്നതും, ഒരു പ്രായം കഴിഞ്ഞാൽ നിക്ഷേപം തുടങ്ങുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നതിന് ഒരു ലളിതമായ ഉദാഹരണം നോക്കാം,
2സുഹുത്തുക്കൾ രാജുവും ബാബുവും. അവർക്ക് ഒരേ പ്രായം, അവർ 2 പേരും 25 മത്തെ വയസിൽ ഒരേ ശമ്പളം കിട്ടുന്ന ജോലിയിൽ പ്രവേശിച്ചു. 55മത്തെ വയസിൽ അവർ വിരമിക്കുവാൻ ആഗ്രഹിക്കുന്നു. അതിൽ രാജു ജോലി കിട്ടിയപ്പോൾ, അതായത് 25 വയസിൽ തന്നെ 5000 രൂപ വെച്ച് പ്രതിമാസം 12% ലാഭം നൽകുന്ന നിക്ഷേപ മാർഗത്തിൽ 30വർഷത്തേക്ക് നിക്ഷേപിക്കുന്നു. എന്നാൽ ബാബു 15 വർഷം കഴിഞ്ഞ് 40 വയസിൽ അതെ 12% നൽകുന്ന നിക്ഷേപ മാർഗത്തിൽ 10000 രൂപ വെച്ച് 15 വർഷത്തേക്ക് നിക്ഷേപിക്കുന്നു. 2പേരും ആകെ നിക്ഷേപിച്ച തുക 18, 00, 000 രൂപയാണ്. രാജു 5000 രൂപ വെച്ച് 30 വർഷത്തേക്ക് നിക്ഷേപിച്ച 18 ലക്ഷം രൂപ രാജുവിന് 55 വയസായപ്പോൾ 1കോടി 75 ലക്ഷം രൂപയായി. അതേ സമയം ബാബു 10000 രൂപ വെച്ച് 15 വർഷത്തേക്ക് നിക്ഷേപിച്ച 18 ലക്ഷം രൂപ ബാബുവിന് 55 വയസായപ്പോൾ ഏകദേശം 50 ലക്ഷം രൂപ മാത്രമേ ആയുള്ളൂ. 2പേരും നിക്ഷേപിച്ച തുക ഒരുപോലെയാണ്, ഒരേനിക്ഷേപ മാർഗത്തിലുമാണ്, ഒരേ ലാഭവുമാണ് ലഭിച്ചത്. പക്ഷെ ദീർഘ കാലത്തേക്ക് നിക്ഷേപിച്ച രാജുവിന് ബാബുവിനെക്കാൾ ഏകദേശം 1കോടി 25 ലക്ഷം രൂപ അധികമായി ലഭിച്ചു. ഇതാണ് power of compounding ന്റെ നേട്ടം. ഇതാണ് നേരത്തേ നിക്ഷേപം തുടങ്ങുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം.